Tuesday, October 11, 2011

ഒരു സൂര്യകാന്തി പൂവിന്റെ ഓര്‍മ്മയ്ക്ക്

.

പതിവുപോലെ അന്നും  alarm കൃത്യ സമയത്ത് തന്നെ വിളിച്ചുണര്‍ത്തി ..

A .C യുടെ തണുപ്പില്‍ പുതച്ച് മൂടി കുറച്ചുകൂടി കിടന്നുറങ്ങണം എന്നുണ്ട്..

പക്ഷെ ഓഫീസില്‍ പോകണമല്ലോ ... ഇനിയും എഴുനേല്‍ക്കാന്‍ വൈകിയാല്‍ പരേഷിന്റെ ഫ്ലാറ്റ് വരെയും ഓടേണ്ടി വരും.. മനസ്സില്ലാ മനസ്സോടെ എഴുന്നേറ്റു ....

പരേഷിന്റെ കൂടെ കാറിലാണ് ഓഫീസിലേക്കുള്ള യാത്ര... കുളിച്ചൊരുങ്ങി അവിടേക്ക് നടന്നു..

എന്നും കണ്ടു മുട്ടാറുള്ള മുഖങ്ങള്‍ ..

ബാങ്കില്‍ ജോലിചെയ്യുന്ന കുടവയറന്‍ അങ്കിള്‍ ... സുന്ദരിയായ നോര്‍ത്ത് ഇന്ത്യന്‍ ചേച്ചി... ഒരു കൈക്കുഞ്ഞും ആയി എന്നും ഉന്തുവണ്ടിയില്‍ എനിക്ക് മുന്‍പേ പോകുന്ന മറ്റൊരു ചേച്ചി...

അങ്ങനെ അങ്ങനെ ...

     ചൂട് പതിവിലും കൂടുതല്‍ ആണെന്ന് തോന്നു.. 2 മിനിറ്റ് നടന്നപ്പോഴേ വിയര്‍ത്തു തുടങ്ങി...5 മിനിറ്റ് കൂടി നടക്കണം പരേഷിന്റെ ഫ്ലാറ്റ് നു താഴെ എത്താന്‍... ആകെ കൊള്ളുന്ന വെയില്‍ ഈ 7 മിനിറ്റ് യാത്രയില്‍ ആണ്..

എങ്കിലും അത് തന്നെ അസഹനീയമാണ്.. അപ്പോള്‍ പകലന്തിയോളം ഈ പൊരി വെയിലില്‍ ജോലി ചെയ്യുന്നവരെ ഓര്‍ത്താല്‍ ??

മറ്റുള്ളവര്‍ക്കായ് ജീവിച്ച് തീരുന്ന ഇവരെ ഒക്കെ ആരെങ്ങിലും ഓര്‍ക്കുന്നുണ്ടാകുമോ ? ..

വഴിയരികില്‍ അന്ന്  മറ്റൊരു പുതുമുഖത്തെ കൂടി കണ്ടു മുട്ടി...

ഒരു സൂര്യ കാന്തി പൂവ്...

ഒരു ഫ്ലാറ്റ് നു താഴെ ആരോ നട്ടു വളര്‍ത്തിയ ചെടിയില്‍ വലിയൊരു സൂര്യ കാന്തി പൂവ് വിരിഞ്ഞിരിക്കുന്നു...

അല്പം അതിശയത്തോടെ തന്നെ ഞാന്‍ അതിനെ നോക്കി ..

ഈ കൊടും ചൂടില്‍ എങ്ങനെ ഈ പൂവിരിഞ്ഞു ??

മനസ്സില്‍ ശരിക്കും ഒരു കുളിര്‍മ്മ .. അതിശയം അപ്പോഴും ബാക്കി...

അത്രയും സുന്ദരിയാണ് ആ പൂവ് ...

ഇനിയും നോക്കി നിന്നാല്‍ ഓഫീസില്‍ എത്താന്‍ വൈകും... എങ്കിലും ഒരു ഫോട്ടോ എടുക്കണം എന്നുണ്ടായിരുന്നു... പക്ഷെ നാളത്തേക്ക് മാറ്റി ഞാന്‍ വീണ്ടും നടന്നു...

യാത്രയില്‍ എന്റെ ചിന്ത ഇപ്പോഴും ആ പൂവിനെ ചുറ്റി പറ്റി ആയിരുന്നു ...

ആരാണ് അത് നാട്ടു വളര്‍ത്തിയത്... ?

ഈ മരുഭൂമിയില്‍ അതിനു ആരാണ് വെള്ളം ഒഴിച്ചത് ... ?

അദ്ദേഹം അറിഞ്ഞിരുന്നോ, ചുട്ടു പൊള്ളുന്ന മണലിലും ആ ചെടിയില്‍ പൂ വിടരുമെന്ന് ?

അതോ അദ്ദേഹം ആ പൂവിനു പറ്റിയ രീതിയില്‍ ആ മണ്ണിനെ മാറ്റിയെടുക്കുക ആയിര്ന്നോ ?

ഏറെ പ്രതീക്ഷകളും ആയി ഒരു ലക്ഷ്യത്തിലേക്ക് ഇറങ്ങിതിരിക്കുന്ന ഏതൊരുവനും ഒരു വലിയ പാഠമായിരുന്നു ആ സൂര്യകാന്തിപ്പൂവും അദ്ദേഹവും ...

എനിക്കും ...

ഒരു ഉറപ്പുമില്ലാതെ ... സാഹചര്യങ്ങള്‍ അനുകൂലമല്ലാതെ ... ഒരു ലക്ഷ്യത്തിനായി ഇറങ്ങിത്തിരിക്കുന്ന യാത്ര ...

അതുപോലെ തന്നെ ആയിരിക്കുമല്ലോ അദ്ദേഹവും ആ ചെടിനട്ടത്...

ഒരു പുല്‍നാമ്പുപോലും ഇല്ലാത്ത ഒരിടം..

വെള്ളം ഒഴിച്ചു... തളിര്‍ക്കും എന്ന പ്രതീക്ഷയോടെ ...

ചുട്ടുപൊള്ളുന്ന വെയിലില്‍ എത്രയോ തവണ ആ കുഞ്ഞു ചെടിയും വാടി ഉണങ്ങിയിട്ടുണ്ടാകാം .. എങ്കിലും അയാള്‍ വെള്ളം ഒഴിച്ചു...

ചെടി തളിര്‍ത്തു .. വലുതായി .. നീണ്ട കാത്തിരുപ്പിനോടുവില്‍ ഒരു സുന്ദരിയായ പൂവ്..

പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ പലപ്പോഴും നമ്മുടെ ലക്‌ഷ്യം തന്നെ മറന്നേക്കാം... യാത്ര പാതി വഴിയില്‍ ഉപേക്ഷിച്ചേക്കാം ... അയാള്‍ ആ പരിശ്രമം പാതി വഴിയില്‍ ഉപേക്ഷിച്ചിരുന്നെങ്ങില്‍ ?

പല ദിവസവും എന്റെ യാത്രയില്‍ ഊര്‍ജ്ജം പകരാന്‍ ആ സൂര്യകാന്തി പൂവില്ലതാകുമായിരുന്നു ..

ഒരു ദിവസം പരേഷിന്റെ ഫ്ലാറ്റ് നു താഴേക്കുള്ള യാത്രയില്‍ കണ്ടത്..

ആരോ.. ചെടിയോടെ അതിനെ പിഴുതു കളഞ്ഞിരിക്കുന്നു ...

അങ്ങനെ ഒരു ചെടി അവിടെ നിന്നിരുന്നു എന്ന് പോലും തിരിച്ചറിയാത്തവണ്ണം ...

അതും എനിക്ക് മറ്റൊരു പാഠമായിരുന്നു....